കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന് കൊല്ലം സുധിയുടെ കുടുംബത്തിലെ തര്‍ക്കങ്ങളും വെളിപ്പെടുത്തലുകളും. സുധിയുടെ മൂത്തമകന് രാഹുല്‍ (കിച്ചു) നടത്തിയ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ, സുധിയുടെ ഭാര്യ രേണുവിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ബുള്ളിയിങ്ങിനും മറുപടിയുമായി പൊട്ടിക്കരഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി.
സോഷ്യല്‍ മീഡിയയിലെ റിയാക്ഷന് വീഡിയോകളും കമന്റുകളും നല്കുന്ന മാനസിക സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നുമാണ് രേണു വീഡിയോയിലൂടെ പങ്കുവെച്ചത്. ഫേസ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. രേണു സുധി എന്ന കണ്ടന്റ് മാത്രമെ ഇവര്‍ക്കുള്ളോ? വേറൊരു കണ്ടന്റും ഇല്ലേ? തുറക്കാന്‍ പറ്റാത്ത അവസ്ഥയായി. എന്റെ കമന്റ് ബോക്സ് തുറന്ന് കഴിഞ്ഞാല്‍ ഞാന്‍ എന്തൊക്കയോ അപരാധം ചെയ്തെന്ന മട്ടിലാണ് മുഴുവന്‍ കമന്റുകളും. എല്ലാവര്ക്കും അറിയാമെന്നും രേണു സുധി പറയുന്നു.
കഴിഞ്ഞ ദിവസമാണ് കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകന് കിച്ചു അച്ഛന്റെ മരണശേഷം താന്‍ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ച് വീഡിയോ പങ്കുവെച്ചത്. രേണു വന്നശേഷം അച്ഛനുമായി അടുക്കാന്‍ സാധിച്ചില്ലെന്നും, മാനസിക വിഷമം മൂലം ലഹരി ഉപയോഗത്തിലേക്ക് തിരിഞ്ഞുവെന്നും രാഹുല്‍ വെളിപ്പെടുത്തിയിരുന്നു.




