ഇസ്ലാമാബാദ്: പാകിസ്താൻ നേതാക്കളുമായി ചർച്ചകൾ നടത്തിയതിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും ഇസ്ലാമാബാദ് വിട്ടു. അതേസമയം, യുഎസ് ചർച്ചയ്ക്കായി നിയോഗിച്ച സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്നർ എന്നിവർ പാകിസ്താൻ സന്ദർശിക്കുമെന്ന പദ്ധതി റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഫോക്സ് ന്യൂസാണ് ഇത് റിപ്പോർട്ട് ചെയ്തത്.
യുഎസ് പ്രതിനിധികൾ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഇറാൻ സംഘം അവരുടെ വരവിനായി കാത്തുനിൽക്കാതെ മടങ്ങിയതോടെ ചർച്ചകൾ അനിശ്ചിതത്വത്തിലായി. ഇതോടെ ഇറാനും യുഎസും തമ്മിലുള്ള സമാധാന ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. അബ്ബാസ് അരാഗ്ചിയും സംഘവും ഒമാൻ തലസ്ഥാനമായ മസ്കറ്റിലേക്കാണ് തിരിച്ചതെന്നാണ് വിവരം. റഷ്യയിലേക്കുള്ള സന്ദർശനവും അദ്ദേഹത്തിന്റെ ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുണ്ട്.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് ഇറാൻ സംഘം മടങ്ങിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ ഇറാൻ പ്രതിനിധികൾ പാകിസ്താൻ നേതൃത്വത്തിന് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.
മധ്യസ്ഥ രാജ്യമായ പാകിസ്താന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട ചർച്ചകൾക്കായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഈ അനിശ്ചിതത്വം ഉണ്ടായിരിക്കുന്നത്. ഒരാഴ്ചയിലേറെയായി ഇസ്ലാമാബാദിൽ കർശന സുരക്ഷയും ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.




