പാലക്കാട്: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തൃത്താലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം മുന്നിലെത്തി. നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച “കം ബാക്ക്, താങ്ക്യു തൃത്താല” എന്ന പോസ്റ്റ് ശ്രദ്ധ നേടുന്നു. എം.ബി. രാജേഷിനൊപ്പം എടുത്ത സെൽഫിയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിക്കുന്നതിന് മുൻപേ തോൽവി സമ്മതിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്ന ബൽറാം, ഇത്തവണ വോട്ടെണ്ണലിന്റെ തുടക്കഘട്ടത്തിൽ തന്നെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്.
കഴിഞ്ഞ തവണ എം.ബി. രാജേഷ് വിജയിച്ച തൃത്താലയിൽ ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത്. എൽ.ഡി.എഫിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും യു.ഡി.എഫിന് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. മന്ത്രി എം.ബി. രാജേഷും മുൻ എം.എൽ.എ വി.ടി. ബൽറാമും തമ്മിലുള്ള കടുത്ത പോരാട്ടമാണ് മണ്ഡലത്തിൽ ദൃശ്യമായത്.




