ബെംഗളൂരു: ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ സിദ്ദിപേട്ട് സ്വദേശിയായ ഭാനു ചന്ദർ റെഡ്ഡി (32)യും ഭാര്യ ബീബി ഷാസിയ സിറാജ് (31)യും ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാനു റെഡ്ഡിയും ഐബിഎമ്മിൽ ജോലി ചെയ്തിരുന്ന ഷാസിയയും ബെംഗളൂരുവിലെ ഒരു അപ്പാർട്ട്‌മെന്റിലായിരുന്നു താമസം. ഷാസിയ വീട്ടിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ലഭിക്കാതിരുന്നതിനാൽ സെക്യൂരിറ്റി ജീവനക്കാരെയും അയൽക്കാരെയും വിളിച്ചു.
തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ ഭാനു റെഡ്ഡിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ ആ നിലയിൽ കണ്ടതിന് പിന്നാലെ ഷാസിയയും അപ്പാർട്ട്‌മെന്റിന്റെ 17-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും മരണകാരണം അന്വേഷിക്കുകയും ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.




