ന്യൂഡൽഹി: വനിതാ സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനങ്ങളിൽ സീറ്റുകൾ നിശ്ചയിക്കാൻ കൃത്യമായ മാർഗ്ഗനിർദേശം വേണമെന്നും ധാരണയായ ശേഷം ബില്ല് പാസാക്കിയാൽ മതിയെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
ഭാവിയിൽ കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണ്ണയം നടത്താനാണ് സർക്കാരിന്റെ ശ്രമമെന്ന് ഇന്ത്യ സഖ്യം വിമർശിച്ചു. അതേസമയം, ബില്ലിലെ ചർച്ചയിൽ നാളെ പ്രധാനമന്ത്രി സംസാരിക്കും. വെള്ളിയാഴ്ച ലോക്സഭയിലും ശനിയാഴ്ച രാജ്യസഭയിലും ബിൽ പാസാക്കാനാണ് നിലവിലെ നീക്കം.
വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാക്കുന്നതിലൂടെ രാജ്യം ചരിത്രനേട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദില്ലിയിൽ നടന്ന ‘നാരീശക്തി വന്ദൻ’ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ സംവരണ ബിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണെന്നും, നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമാകണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വനിതാ കേന്ദ്രീകൃത വികസനമാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും ഈ തീരുമാനം ഇന്ത്യയുടെ ഭാവി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 16 മുതൽ ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. 2023ൽ പാർട്ടി ഭേദമന്യേ ഒറ്റക്കെട്ടായി ബിൽ പാസാക്കിയ മാതൃകയിൽ ഇത്തവണയും പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളോട് അഭ്യർത്ഥിച്ചു.




