കൊല്ലം: റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ചിത്രീകരണത്തിനിടെ രണ്ട് ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ തട്ടിയതോടെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായി. ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മറ്റൊന്ന് സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചുകയറി.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് യുവാക്കളെ ശാസ്താംകോട്ട, ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും അരവിന്ദിന്റെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.






