കോഴിക്കോട്: മാവൂർ റോഡ് പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിലായി. മടവൂർ മുട്ടാഞ്ചേരി സ്വദേശി എരഞ്ഞോട്ടിൽ വീട്ടിൽ അഖിലിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 18-ന് മാവൂർ റോഡിലെ ഒരു കെട്ടിടത്തിന്റെ പാർക്കിംഗിൽ നിർത്തിയിരുന്ന ആക്‌സസ് സ്‌കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്. ഗുരുവായൂരപ്പൻ കോളേജ് സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പുല്ലാളൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
ഇതിനുമുമ്പും സമാന കേസുകളിൽ അഖിൽ പ്രതിയായിട്ടുണ്ട്. 2018-ൽ എടപ്പാളിലെ ബൈക്ക് ഷോറൂമിൽ നിന്ന് പൾസർ 220 മോഷ്ടിച്ചതിനും, 2019-ൽ കുന്ദമംഗലം പ്രദേശത്ത് യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ചതിനും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.






