കോഴിക്കോട്: തൊട്ടിൽപ്പാലത്തിനടുത്ത് കരിങ്ങാട് കൊരണപ്പാറ മലയിൽ കുടുങ്ങിയ രണ്ട് യുവാക്കളെ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വളയം കുയ്തേരി സ്വദേശികളായ അബിദേവും അമലും മലകയറിയതിനുശേഷം ഇരുട്ടായതോടെ തിരിച്ചിറങ്ങാനാവാതെ വഴിതെറ്റുകയായിരുന്നു.
കായക്കൊടി, കാവിലുംപാറ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കൊരണപ്പാറയിൽ മൊബൈൽ റെയിഞ്ച് ലഭിക്കാത്തതും ഫോണിന്റെ ചാർജ് തീർന്നതും ഇവരെ പ്രതിസന്ധിയിലാക്കി. ഇടയ്ക്ക് റെയിഞ്ച് ലഭിച്ചപ്പോൾ 101-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതോടെ നാദാപുരം അഗ്നിരക്ഷാ സേനയും തൊട്ടിൽപ്പാലം പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തി. കുന്നും കാടും നിറഞ്ഞ ദുർഘട പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം പ്രയാസകരമായിരുന്നു.
ഒടുവിൽ രാത്രി പത്തരയോടെ യുവാക്കളെ കണ്ടെത്തി സുരക്ഷിതമായി താഴെയിറക്കി. പ്രകൃതിസൗന്ദര്യത്തിന് പ്രസിദ്ധമായ കൊരണപ്പാറയിൽ അപകടസാധ്യതകൾ ഉള്ളതിനാൽ വൈകുന്നേരങ്ങളിൽ മലകയറാൻ ശ്രമിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.




