തിരുവനന്തപുരം: കുട്ടികളുടെ ആധാർ സമർപ്പിക്കാനുള്ള സമയപരിധി സംസ്ഥാന സർക്കാർ നീട്ടിയതിനെ തുടർന്ന് പൊതുവിദ്യാലയങ്ങളിൽ നഷ്ടമായ 175 അധ്യാപക തസ്തികകൾ തിരിച്ചുകിട്ടുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ 15 സ്കൂളുകൾ ‘അൺ ഇക്കണോമിക്’ വിഭാഗത്തിൽ നിന്ന് ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം പത്തോളം പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
2025 ജൂൺ 10-നായിരുന്നു അധ്യയനവർഷാരംഭത്തിലെ ആറാം പ്രവൃത്തിദിനം. ആ ദിവസത്തോടെ ആധാർ ലഭിക്കാത്ത വിദ്യാർത്ഥികളുടെ രേഖകൾ ജൂലൈ 14 വരെ പരിഗണിക്കാമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 13 മുതൽ 17 വരെ കൈറ്റ് പ്രത്യേക പരിശോധന നടത്തി.
213 വിദ്യാലയങ്ങളിൽ തസ്തിക നിർണയത്തിൽ പുറത്താക്കപ്പെട്ട 1052 വിദ്യാർത്ഥികളുടെ വിവരങ്ങളാണ് പരിശോധിച്ചത്. ആവശ്യമായ രേഖകളോടെ സമർപ്പിച്ച 912 വിദ്യാർത്ഥികളുടെ ആധാർ പുതുതായി അംഗീകരിച്ചു. മതിയായ രേഖകളില്ലാത്ത 140 അപേക്ഷകൾ നിരസിച്ചതായും അധികൃതർ അറിയിച്ചു.






