കോട്ടയം: അക്ഷരനഗരിയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കോട്ടയം സിറ്റിസൺസ് ഫോറത്തിന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ ക്രിസ്മസ് പാപ്പാ വിളംബര റാലി (ബോൺ നത്താലേ സീസൺ-5) ഡിസംബർ 11-ന് നടക്കും. ഈ വർഷം 5,000 പാപ്പാമാരാണ് റാലിയിൽ അണിചേരുന്നത്.
വൈകുന്നേരം അഞ്ചിന് പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നിശ്ചലദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ശാസ്ത്രി റോഡ്, സെൻട്രൽ ജംഗ്ഷൻ, കെ.കെ. റോഡ് വഴി റാലി മാമ്മൻ മാപ്പിള ഹാളിൽ എത്തിച്ചേരും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കെ. ഫ്രാൻസിസ് ജോർജ് എം.പി., കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത്, കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങി വിവിധ സ്ഥാപന മേധാവികളും പ്രമുഖ വ്യക്തികളും ചടങ്ങിൽ പ്രസംഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.






