ആലപ്പുഴ: പങ്കാളിത്ത ബിസിനസിന്‍റെ പേരിൽ തട്ടിയെടുത്ത പണവും സ്വർണവും തിരികെ ചോദിച്ചതിന് യുവതിക്കും കുടുംബത്തിനും മർദ്ദനം. ചിങ്ങോലി സ്വദേശികളായ സുജിതയ്‌ക്കും മകൾക്കും മാതാവിനുമാണ് മർദ്ദനമേറ്റത്. കീരിക്കാട് സ്വദേശികളായ പ്രജിത്- ശരണ്യ ദമ്പതികളാണ് ഇവരിൽ നിന്ന് ഏഴര ലക്ഷം രൂപയും പത്തര പവൻ സ്വർണ്ണവും തട്ടിയെടുത്തത്.
ഒരുമിച്ച് ജുവലറി ബിസിനസ് തുടങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദമ്പതികൾ പണം വാങ്ങിയത്. പണവും സ്വർണവും തിരികെ ചോദിക്കാൻ എത്തിയപ്പോഴാണ് കുടുംബം ആക്രമിക്കപ്പെട്ടത്.
കുടുംബം താമസിക്കുന്ന വീട് ബാങ്കിൽ ഈട് വച്ച് ലോണും എടുത്തിരുന്നു. ബാങ്കിന്റെ ജപ്തി നോട്ടീസ് വന്നതോടെയാണ് പണവും സ്വർണവും തിരിക്കെ വാങ്ങാൻ സുജിത എത്തിയത്. എന്നാൽ പണം തിരികെ ചോദിച്ചതോടെ അവരുടെ സ്വഭാവം മാറിയെന്നും തങ്ങളെ മർദ്ദിക്കുകയായിരുന്നെന്നും സുജിത പറഞ്ഞു. സംഭവത്തിൽ കായംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ കേസെടുത്തിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.






