തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ല. പൊട്ടിയത് പടക്കമാണെന്ന് പോലീസ് അറിയിച്ചു. പ്രദേശവാസികളായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രൻ്റെ വീടിന് മുൻപിൽ പടക്കം പൊട്ടിച്ചതെന്ന് കണ്ടെത്തി. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കൾ പോലീസിന് നൽകിയ വിശദീകരണം. സുഹൃത്തുക്കളായ മൂന്ന് യുവാക്കളോടും പടക്കം പൊട്ടിച്ചതിൻ്റെ കഥ വിവരിച്ചു.
പൊട്ടിത്തെറി ശബ്ദം കേട്ട ശേഷം പോലീസ് വന്നതോടെ യുവാക്കൾ ഭയപ്പെട്ടതിനെ തുടർന്നാണ് മിണ്ടാതിരുന്നത്. സ്വന്തം വീടിന് മുന്നിലാണ് സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിച്ചെന്നാണ് യുവാവിൻ്റെ മൊഴി. അതേസമയം അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് യുവാക്കൾക്കെതിരെ കേസ് എടുക്കുകയും തുടർന്ന് വിട്ടയക്കുകയും ചെയ്തു.






