മലപ്പുറം:തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ആറുവയസുകാരി പേവിഷബാധയേറ്റ് മരിച്ചു. പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിക്കുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസ മരിച്ചത്. കഴിഞ്ഞ മാസം 29 നാണ് സിയ അടക്കം ആറ് പേരെ പട്ടി കടിച്ചത്. നായയുടെ കടിയേറ്റത്തിന് പിന്നാലെ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് പ്രതിരോധ കുത്തിവയ്‌പെടുത്തിരുന്നു , കൂടാതെ എല്ലാ ഡോസുകളും ഇവർ പൂർത്തിയാക്കിയിരുന്നു. എന്നാൽ പനി വന്നതിനെ തുടർന്ന് ചികിത്സ തേടിയ ആറുവയസ്സുക്കാരിക്ക് നാലു ദിവസം മുന്‍പാണു പേവിഷബാധ സ്ഥിരീകരിച്ചത്.
വീടിനടുത്ത കടയില്‍ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികില്‍ വച്ചു സിയയെ പട്ടി കടിച്ചത്. കഴുത്തിലും മേലാസകലവും കുട്ടിയെ നായ കടിച്ച് മുറിവേൽപ്പിച്ചിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് സഹായിക്കാനെത്തിയ മറ്റൊരാളെയും പട്ടി കടിച്ചു . അവിടെ നിന്ന് ഓടിയ പട്ടി പറമ്പില്‍പ്പീടികയില്‍ 2 പേരെയും വട്ടപ്പറമ്പ്, വടക്കയില്‍മാട് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും കടിച്ചു. എന്നാൽ അന്ന് വൈകീട്ട് തന്നെ പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി. അതേസമയം നായയുടെ കടിയേറ്റ എല്ലാവരും അന്ന് തന്നെ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു . പക്ഷെ കുട്ടിയുടെ കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.






