മുംബൈ: രാജ്യത്ത് വൻ ലഹരിവേട്ട. 1745 കോടി രൂപ വിലമതിക്കുന്ന 349 കിലോ കൊക്കെയ്ൻ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സോഷ്യൽ മീഡിയയിലൂടെ ഈ വിവരം സ്ഥിരീകരിച്ചു. മുംബൈയിൽ നടത്തിയ അന്വേഷണത്തിലാണ് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട വലിയ ശേഖരം കണ്ടെത്തിയത്.
ഒരു ചെറിയ ചരക്ക് പിടികൂടിയതിനെ തുടർന്നുള്ള അന്വേഷണമാണ് വലിയ ശൃംഖലയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയെ തകർക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ വ്യക്തമാക്കി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സമീപകാലത്ത് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ മയക്കുമരുന്ന് പിടിച്ചെടുക്കലുകളിലൊന്നാണിത്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.






