കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്കൂളിന് സമീപമുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 50ഓളം കുട്ടികൾക്ക് പരുക്ക്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സ്ഫോടനം ഉണ്ടായതെന്നാണ് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഷിയാ മുസ്ലിം വിഭാഗത്തിലെ ഹസാര വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്. നിരവധി കുട്ടികൾക്ക് പരുക്കേറ്റതായി കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ സ്ഥിരീകരിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
സ്കൂളിന് സമീപം കുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി റിച്ചാർഡ് ബെന്നറ്റ് അപലപിച്ചു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹസാര വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന കാബൂളിലെ പ്രദേശം വീണ്ടും ആക്രമിക്കപ്പെട്ടത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ബെന്നറ്റ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ ഏകദേശം ഒൻപത് ശതമാനം വരുന്ന ഹസാര വിഭാഗം വർഷങ്ങളായി പീഡനങ്ങളും വിവേചനങ്ങളും നേരിടുന്ന ന്യൂനപക്ഷ സമൂഹമാണ്. 2021 മേയിലും ഇതേ പ്രദേശത്തെ ഒരു സ്കൂളിന് നേരെ ബോംബാക്രമണം നടന്നിരുന്നു. അന്ന് നിരവധി പേർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന ഹസാര വിഭാഗത്തിലെ പെൺകുട്ടികളായിരുന്നു.











