തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങൾ കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
കേരള ചരിത്രത്തിലെ തന്നെ ഏറെ പ്രാധാന്യമുള്ള പ്രവർത്തനത്തിനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുതിയ വ്യാപാര സാധ്യതകൾ തുറക്കും. ഇതിലൂടെ സാധാരണക്കാരുടെ ജീവിതത്തിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖം വഴി കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നേരിട്ട് കയറ്റുമതി ചെയ്യാൻ സാധിക്കും. ഇതുവരെ നേരിട്ട് എത്തിക്കാൻ കഴിയാതിരുന്ന വിപണികളിലേക്കും കേരളത്തിന്റെ കയർ, കറ്റാർവാഴ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ എത്തിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
‘മിഷൻ സമുദ്ര’ പദ്ധതിയിലൂടെ കേരളത്തെ പ്രധാന തുറമുഖ നഗരമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ലോജിസ്റ്റിക്‌സ് പാർക്കുകളും അനുബന്ധ സ്ഥാപനങ്ങളും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ദുബായ് തുറമുഖം യുഎഇയുടെ സാമ്പത്തിക വികസനത്തിന് നൽകിയ സംഭാവനകൾക്ക് സമാനമായി വിഴിഞ്ഞം തുറമുഖവും കേരള വികസനത്തിന്റെ പ്രധാന കവാടമായി മാറുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങളിലൂടെ ലോകവിപണിയിൽ കേരളത്തിന്റെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


