തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി സിപിഐക്ക് വേണമെന്ന ആവശ്യത്തിൽ ഉറച്ച് പാർട്ടി. പദവി സിപിഐക്ക് അർഹതപ്പെട്ടതാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിന്റെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായാണ് പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എൽഡിഎഫിന്റെ പ്രവർത്തന സംസ്കാരത്തിൽ മാറ്റം വരണം. പ്രതിപക്ഷ ഉപനേതൃ പദവി സിപിഐക്ക് അർഹതപ്പെട്ടതാണെന്ന നിലപാടിൽ മാറ്റമില്ല. എൽഡിഎഫ് യോഗം ചേരുമ്പോൾ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ജനകീയ പ്രസ്ഥാനങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമർത്താൻ ശ്രമം നടക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. പൊലീസിന്റെ നയം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാത്രിയിൽ ഹോസ്റ്റലിലേക്ക് പൊലീസ് കയറിയത് വിശന്നു നിൽക്കുന്ന ചെന്നായ്ക്കളെ പോലെയായിരുന്നുവെന്നും സംഭവത്തിൽ കർശന നടപടി വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പൊലീസിനെ കയറൂരിവിടുന്നത് നയത്തിന്റെ ഭാഗമാണെന്നും ഡൽഹി പൊലീസിനെ കണ്ട് കേരള പൊലീസ് പഠിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് അല്ലെന്നും കേരളത്തിലെ കോൺഗ്രസിന്റെ വഴികാട്ടി ആർഎസ്എസ് ആണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഇത് ഗാന്ധിയൻ നയമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം നേരായ വഴിക്ക് പോകണമെന്നും അങ്ങനെ മുന്നോട്ടുപോയാൽ പിന്തുണയ്ക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
നന്ദകുമാറിന്റെ മലപ്പുറം വിരുദ്ധ പ്രസ്താവനയിലും ബിനോയ് വിശ്വം പ്രതികരിച്ചു. നന്ദകുമാറിനെപ്പോലുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിൽ നിന്ന് അത്തരമൊരു പ്രയോഗം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



