കൊച്ചി: ട്രാൻസ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ താനൂർ സ്വദേശി ഷാഫിലിന്റെ ഫോണിൽ നിരവധി യുവതികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയതായി പൊലീസ്.
മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന ട്രാൻസ് യുവതിയിൽ നിന്ന് 1.18 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. സോഷ്യൽ മീഡിയ വഴിയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്. തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ശേഷം ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
സമാന രീതിയിൽ പ്രതി മറ്റ് പലരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. ഭീഷണി ഭയന്ന് പലരും പരാതി നൽകാതിരുന്നതായും പൊലീസ് കരുതുന്നു. കൂടുതൽ പേർക്ക് പരാതിയുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് ഷാഫിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണിൽ കണ്ടെത്തിയ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.



