ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരണവുമായി പ്രൊഡക്ഷൻ കൺട്രോളർ ജോഷി. പ്രതിയായ തസ്‌ലീമയെ ആറ് വർഷമായി പരിചയമുണ്ടെന്നും എന്നാൽ ലഹരി ഇടപാടുകളില്ലെന്നും ജോഷി പറഞ്ഞു. പലപ്പോഴും ഭക്ഷണം കഴിക്കാനും മറ്റുമായി ചെറിയ തുകകൾ ആവശ്യപ്പെട്ട സമയത്ത് നൽകിയിട്ടുണ്ട്, എന്നാൽ ലഹരി ഇടപാടുകൾക്ക് പണം നൽകിയിട്ടില്ല. തന്നെ വിളിച്ചുവരുത്തിയത് സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തത വരുത്താനാണെന്നും നിലവിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ച നടന്മാരെയും തനിക്കറിയാമെന്നും ജോഷി പറഞ്ഞു. എന്നാൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ച മോഡൽ സൗമ്യയെ തനിക്കറിയില്ലെന്നും ജോഷി വ്യക്തമാക്കി.
കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരെ കഴിഞ്ഞ ദിവസം എക്സൈസ് ചോദ്യം ചെയ്തിരുന്നു. ജോഷിയെ ഇന്നാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. അതേസമയം നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും തസ്ലീമയുമായി സൗഹൃദം മാത്രമാണ് ഉള്ളതെന്നും ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലീമ സുൽത്താനയും സുഹൃത്തായിരുന്നുവെന്നും മോഡലായ സൗമ്യ പ്രതികരിച്ചു. എന്നാൽ തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്ന് സൗമ്യ നൽകിയ മൊഴി എക്സൈസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.
ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നാണ് ഷൈൻ ടോം ചാക്കോ നൽകിയ മൊഴി. മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഷൈൻ എക്സൈസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഷൈൻ ടോം ചാക്കോയെ തൊടുപുഴ പൈങ്കുളത്തുള്ള സേക്രഡ് ഹാർട്ട് സെന്ററിലെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. ബന്ധുക്കളോട് കൂടിയാലോചിച്ചായിരുന്നു തീരുമാനം. ഷൈൻ ആവശ്യപ്പെട്ടിട്ടാണ് ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയത്.



