തിരുവനന്തപുരം: വേടനെതിരെയുള്ള വിവാദങ്ങളിൽ വനം വകുപ്പിനെ രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എം പി. വേടന്റെ കഴുത്തിലുള്ളത് പുലിപ്പല്ലല്ലേ, ആറ്റംബോംബ് ഒന്നുമല്ലല്ലോ എന്നായിരുന്നു ജോൺബ്രിട്ടാസ് വനം വകുപ്പിനെതിരെ ഫേസ്ബുക്കിൽ കുറിച്ചത്. വേടൻ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താൽപര്യമെടുത്തു ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വേടന്റെ അമ്മ ശ്രീലങ്കൻ വംശജയാണെന്നും കേസ് ആ വഴിക്ക് നീങ്ങുമെന്നുമുള്ള വനംവകുപ്പിന്റെ നിലപാടിനെയും ജോൺ ബ്രിട്ടാസ് അതിരൂക്ഷമായി വിമർശിച്ചു. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണ് ഇതെന്നും വംശീയ യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ പോലും ഇത്തരത്തിലുള്ള ഉദ്ഘോഷമുണ്ടാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വന്യമൃഗങ്ങളുടെ ശല്യം കാരണം കേരളത്തിലെ പല ഭാഗങ്ങളിലും കൃഷി അസാധ്യമായിരിക്കുകയാണ്. കാട്ടുപന്നിയെയും കുരങ്ങനെയുമൊക്കെ ക്ഷുദ്രജീവികളാക്കണമെന്നാണ് കേരള സർക്കാരിന്റെ ആവശ്യം. എന്നാൽ ഇപ്പോഴും അടുക്കളയിൽ കയറി കറിച്ചട്ടി പൊക്കാൻ വെമ്പുന്ന ചില വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ട്. ഇത്തരത്തിലുള്ള അത്യുൽസാഹമൊന്നും കേരളസമൂഹം അംഗീകരിക്കുന്നില്ലെന്ന് അവർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ജോൺ ബ്രിട്ടാസ് കുറിച്ചു.






