മുംബൈ: കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാവും. വിഘ്‌നേഷിനെ ക്യാംപ് വിടാന്‍ അനുവദിച്ചതായി മുംബൈ ഇന്ത്യന്‍സ് അറിയിച്ചു. പകരം പഞ്ചാബിൽ നിന്നുള്ള സ്പിന്നര്‍ രഘു ശര്‍മയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
സീസണില്‍ അഞ്ച് മത്സങ്ങളില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ വിഘ്‌നേഷിനെ എം എസ് ധോണിയും സൂര്യകുമാര്‍ യാദവും അടക്കം താരങ്ങള്‍ പ്രശംസിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങിയ വിഘ്‌നേഷ്, പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നില്ല. ആറ് ആഴ്ചത്തെയങ്കിലും വിശ്രമം വേണമെന്നായതോടെയാണ് വിഘ്‌നേഷിനെ മുംബൈ ടീമില്‍ നിന്ന് മാറ്റിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരമാണ് മുംബൈക്ക് ഇനി ബാക്കിയുള്ളത്. പോയിന്റ് പട്ടികയില്‍ മുംബൈ മൂന്നാം സ്ഥാനത്തുണ്ട്.






