വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എ.സി കോച്ചുകളില്‍ ഇനി മുതൽ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ജനറല്‍ (റിസര്‍വ് ചെയ്യാത്ത) കമ്പാര്‍ട്ടുമെന്റുകളില്‍ മാത്രമേ ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. മേയ് 1 മുതല്‍ ഈ ചട്ടം പ്രാബല്യത്തില്‍ വന്നു. റിസര്‍വ് ചെയ്ത സ്ലീപ്പര്‍ – എസി കോച്ചുകളില്‍ വെയിറ്റിംഗ് ടിക്കറ്റുകളുമായി കയറുന്ന യാത്രക്കാര്‍ക്ക് റെയില്‍വെ പിഴ ഈടാക്കും. ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് റെയിൽവേയുടെ പുതിയ നടപടി.
ഇതുകൂടാതെ മുന്‍കൂട്ടിയുള്ള റിസര്‍വേഷനിലും ഓണ്‍ലൈന്‍ ബുക്കിങ്ങിലും മേയ് 1 മുതല്‍ മാറ്റങ്ങൾ കൊണ്ടുവന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അഡ്വാന്‍സ് റിസര്‍വേഷന്‍ കാലയളവ് 120 ദിവസത്തില്‍ നിന്ന് 60 ദിവസമായി കുറച്ചു. ഇതോടെ 4 മാസം മുമ്പുവരെ റിസര്‍വേഷന്‍ സാധ്യമായിരുന്നതിന് പകരം യാത്രക്കാര്‍ക്ക് ഇപ്പോള്‍ 60 ദിവസം മുന്‍കൂട്ടി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ.
ഐആര്‍സിടിസി അതിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ഒടിപി അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ വെരിഫിക്കേഷന്‍ അവതരിപ്പിച്ചു. വ്യാജ ബുക്കിംഗുകള്‍ തടയുന്നതിനും ഉപയോക്താവിന്റെ ഐഡന്റിറ്റിയുടെ ആധികാരികത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം.






