ചെന്നൈ: പൊള്ളാച്ചി ലൈംഗികാതിക്രമ കേസിൽ ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് കോയമ്പത്തൂർ കോടതി. ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. എൻ ശബരിരാജൻ (32), കെ തിരുനാവുക്കരശ് (34), എം സതീഷ് (33), ടി വസന്തകുമാർ (30), ആർ മണി (32), പി ബാബു (33), ടി ഹരോണിമസ് പോൾ (32), കെ അരുൾനാഥം (39), എം അരുൺകുമാർ എന്നിവരാണ് പ്രതികൾ. 2016-നും 2019-നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് കോയമ്പത്തൂരിലെ മഹിളാ കോടതി വിധി പറയുന്നത്.
പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, ബ്ലാക്ക് മെയിൽ എന്നിവയുൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കർശനമായ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. പൊള്ളാച്ചി പോലീസ് ആദ്യം അന്വേഷിച്ച കേസ് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യത്തെ തുടർന്ന് തമിഴ്നാട് ക്രൈംബ്രാഞ്ച്-ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലേക്കും (സിബി-സിഐഡി) പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്കും (സിബിഐ) മാറ്റുകയായിരുന്നു.






