വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ മാര്‍പാപ്പയായി ലിയോ പതിനാലാമന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങ് വത്തിക്കാനില്‍ തുടങ്ങി. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാനവേദിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്. വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചു. തുറന്ന വാഹനത്തിലെത്തി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുചേര്‍ന്ന വിശ്വാസികളെ ആശിര്‍വദിച്ച ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
തുടര്‍ന്ന് വിശുദ്ധകുര്‍ബാനയ്ക്ക് പാപ്പ കാര്‍മികത്വം വഹിക്കും. കുര്‍ബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ കുര്‍ബാനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യും.
സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവധ ലോകനേതാക്കളണ് വത്തിക്കാനിലെത്തിയിരിക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ,സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ യുക്രൈയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി, കാനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി തുടങ്ങിയ ലോകനേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.






