ന്യൂഡൽഹി: ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറുമെന്ന് സൂചന. ഈ വർഷം ഇന്ത്യ ആതിഥേയരാകേണ്ട ടൂർണമെന്റിൽ നിന്നാണ് പിന്മാറുന്നത്. ഇതോടെ ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടവും ഇല്ലാതാകും. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‍വിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവന്‍.
ജയ്ഷാ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ആയപ്പോൾ ഉണ്ടായ ഒഴിവിലാണ് നഖ്‍വി പുതിയ പദവിയിലെത്തിയത്. ‘‘പാക്കിസ്ഥാനിലെ ഒരു മന്ത്രി നയിക്കുന്ന എസിസി നടത്തുന്ന ടൂർണമെന്റിൽ കളിക്കാൻ ഇന്ത്യ താൽപര്യപ്പെന്നില്ല. അതാണു രാജ്യം ഇപ്പോൾ ആഗ്രഹിക്കുന്നത്” എന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു. ഇന്ത്യ ടൂർണമെന്റിൽ നിന്നു പിൻമാറിയാൽ ഏഷ്യ കപ്പിന്റെ നിലനിൽപിനെ തന്നെ അതു ബാധിക്കും. ടൂർണമെന്റിനു കൂടുതൽ കാഴ്ചക്കാരുള്ളതും കൂടുതൽ സ്പോൺസർമാരുള്ളതും ഇന്ത്യയിൽനിന്നാണ്. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനു നേരിടേണ്ടിവരും.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ തീരുമാനം അറിയിച്ചു. സെപ്റ്റംബറിൽ ഇന്ത്യ വേദിയാകേണ്ട ഏഷ്യ കപ്പിൽ നിന്നാണ് പിന്മാറിയത്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മോഹ്‌സിൻ നഖ്വി ആണ് എസിസി ചെയർമാൻ. ശ്രീലങ്കയിലെ വനിത എമെർജിങ് ടീംസ് ഏഷ്യ കപ്പിലും കളിക്കില്ല. പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.






