ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പിന്തുണയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.
ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയ സിജെപി പ്രവർത്തകരെയും നിരാഹാര സമരം നടത്തിയ സോനം വാങ്ചുക്കിനെയും കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയെ രാഹുൽ ഗാന്ധി വിമർശിച്ചു. കേന്ദ്രത്തിന്റെ നടപടി തെറ്റാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയായ എക്സിൽ കുറിച്ചു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചോദ്യപേപ്പർ ചോർച്ച, ഉയർന്നുവരുന്ന വിദ്യാഭ്യാസ ചെലവ്, വിദ്യാർത്ഥികളുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ബലപ്രയോഗത്തിലൂടെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.




