ശ്രീഹരിക്കോട്ട: നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒയുടെ വിക്ഷേപണ ദൗത്യത്തിന് മണിക്കൂറുകൾ മാത്രം. ജിഎസ്എൽവി എഫ്17 ദൗത്യത്തിനായുള്ള കൗണ്ട്‌ഡൗൺ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ പുരോഗമിക്കുകയാണ്. നാളെ പുലർച്ചെ 2.55നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിയോസ്പേഷ്യൽ ഇമേജിംഗ് സാറ്റലൈറ്റ് (GISAT) ആണ് ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ജനുവരിയിൽ നടന്ന പിഎസ്എൽവി സി62 ദൗത്യം പരാജയപ്പെട്ടതിന് ശേഷമുള്ള ആദ്യ ഐഎസ്ആർഒ വിക്ഷേപണമാണിത്.
27 മണിക്കൂർ 30 മിനിറ്റ് നീളുന്ന കൗണ്ട്‌ഡൗണിന് ഇന്നലെ രാത്രി 11.25നാണ് തുടക്കമായത്. EOS-5 എന്ന കോഡ് നാമം നൽകിയിരിക്കുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റ്-1എ (GISAT-1A) രാജ്യസുരക്ഷ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ നിർണായക സഹായമാകുമെന്നാണ് പ്രതീക്ഷ.
ഭൂസ്ഥിര പരിക്രമണപഥത്തിൽ നിന്ന് മുഴുവൻ സമയവും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം. 2021 ഓഗസ്റ്റ് 12ന് ഇതേ ഉപഗ്രഹം വിക്ഷേപിക്കാനുള്ള ജിഎസ്എൽവി എഫ്10 ദൗത്യം പരാജയപ്പെട്ടിരുന്നു. അതിന് പകരമായി വികസിപ്പിച്ചെടുത്തതാണ് നിലവിലെ പേടകം.
2367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നേരിട്ട് ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്ക് എത്തിക്കാൻ ജിഎസ്എൽവിക്ക് കഴിയില്ല. അതിനാൽ ജിയോ ട്രാൻസ്ഫർ ഓർബിറ്റിനേക്കാൾ അൽപ്പം താഴെയുള്ള ഭ്രമണപഥത്തിൽ റോക്കറ്റും ഉപഗ്രഹവും വേർപെടും. തുടർന്ന് ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് ശേഷിക്കുന്ന ദൂരം പിന്നിട്ട് ലക്ഷ്യഭ്രമണപഥത്തിലെത്തും.
റോക്കറ്റും ഉപഗ്രഹവും നേരത്തെ തന്നെ വിക്ഷേപണത്തിന് സജ്ജമായിരുന്നെങ്കിലും പിഎസ്എൽവി സി62 പരാജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ വിവിധ ദൗത്യങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ജൂൺ അവസാനമോ ജൂലൈ ആദ്യമോ വിക്ഷേപണം നടത്താൻ ശ്രമിച്ചെങ്കിലും കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ നീളുകയായിരുന്നു.
പിഎസ്എൽവിയുടെ മൂന്നാം ഘട്ടത്തിലെ തകരാറുമായി നേരിട്ട് ബന്ധപ്പെട്ട ഘടകങ്ങളൊന്നും ജിഎസ്എൽവിയിൽ ഇല്ലെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്. ജിഎസ്എൽവി എഫ്17 ദൗത്യം വിജയകരമായി പൂർത്തിയാക്കാനായാൽ പിന്നാലെ ഗഗൻയാന്റെ ആദ്യ ആളില്ലാ ദൗത്യത്തിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കാനാണ് ഐഎസ്ആർഒയുടെ നീക്കം.
ഐഎസ്ആർഒ നേരിടുന്ന വിവിധ വെല്ലുവിളികൾക്കിടെ ഈ വിക്ഷേപണത്തിന്റെ വിജയം നിർണായകമാണ്. ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നത് ഐഎസ്ആർഒയുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും തുടർ ബഹിരാകാശ ദൗത്യങ്ങൾക്ക് വേഗം കൂട്ടുന്നതിനും സഹായകമാകുമെന്നാണ് വിലയിരുത്തൽ.














