ന്യൂഡല്‍ഹി: വിമത നീക്കത്തെ തുടർന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി പിളര്‍ന്നു. അഭിജിത് ദീപകേ നയിക്കുന്ന സിജെപി, ടീം കെജ്‌രിവാളാണെന്ന് ആരോപിച്ചാണ് വിമതരുടെ നീക്കം. സിജെപി വോളന്റിയറായിരുന്ന മനീഷ് ബ്രഹ്മ്ഭട്ടിന്റെ നേതൃത്വത്തില്‍ CJP-D (കോക്രോച്ച് ജനതാ പാര്‍ട്ടി ഡെമോക്രാറ്റിക്ക്) എന്ന പുതിയ കൂട്ടായ്മ രൂപീകരിച്ചു. പ്രതിഷേധക്കാരെ എല്ലാം തഴയുന്ന നിലപാടാണ് അഭിജിത് ദീപ്ക സ്വീകരിച്ചതെന്ന് ബ്രഹ്മ്ഭട്ട് ആരോപിക്കുന്നു. യുവജനങ്ങള്‍ നയിച്ച് ഒരു പ്രസ്ഥാനത്തെ ടീം കെജ്‌രിവാളാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സിജെപിയുടെ നേതൃത്വത്തിലുള്ളവര്‍ മുമ്പ് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെന്നും ബിജെപിയെ എതിര്‍ക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യമെന്നും ബ്രഹ്മ്ഭട്ട് അവകാശപ്പെട്ടു. നിലവില്‍ ബ്രഹ്മ്ഭട്ടിന്റെ ആരോപണങ്ങളില്‍ സിജെപിയോ ദീപ്‌കെയോ പ്രതികരിച്ചിട്ടില്ല.
ദീപ്കെ നയിക്കുന്ന സിജെപി നേതൃത്വം പ്രസ്ഥാനത്തെ വിറ്റുവെന്നും അവര്‍ രൂപീകരിച്ച 12 അംഗ സംഘത്തില്‍ എട്ടുപേരും ആം ആദ്മിയുമായി ബന്ധമുള്ളവരാണെന്നും ബ്രഹ്മ്ഭട്ട് ആരോപിക്കുന്നു. ബാക്കിയുള്ളത് ഒരു പെണ്‍ സുഹൃത്തും കോളേജിലെ മറ്റ് സുഹൃത്തുകളുമാണെന്നും ബ്രഹ്മ്ഭട്ട് പറയുന്നു. ദേശീയതലത്തില്‍ സംഘടനയ്ക്ക് വലിയ ഘടന ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിവിധ സംസ്ഥാനത്ത് നിന്നുമുള്ള വോളന്റിയര്‍മാരും പ്രതിഷേധക്കാരുമാണ് പ്രതിനിധികളായി എത്തേണ്ടതെന്നും ബ്രഹ്മ്ഭട്ട് പറഞ്ഞു. നേതൃത്വത്തെ തിരഞ്ഞെടുക്കേണ്ടത് ‘ഹൈക്കമാന്‍ഡ്’ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


