ആലപ്പുഴ: പവർ സ്റ്റീയറിങ് പമ്പ് തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും 40 തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷിതമായി കരയിലെത്തിച്ചു. തൃക്കുന്നപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘ഉത്രാടം’ എന്ന വള്ളമാണ് കടലിൽ കുടുങ്ങിയത്. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ നിന്നുള്ള റെസ്ക്യൂ ബോട്ടാണ് വള്ളത്തെ രക്ഷപ്പെടുത്തിയത്.
മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ ദിശ നിയന്ത്രിക്കുന്ന പവർ സ്റ്റീയറിങ് പമ്പ് തകരാറിലായതോടെ കരയിലേക്ക് തിരിച്ചുവരാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് തൊഴിലാളികൾ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
വിവരമറിഞ്ഞ ഉടൻ കായംകുളം ഹാർബറിൽ നിന്ന് പുറപ്പെട്ട ഫിഷറീസ് റെസ്ക്യൂ ബോട്ട് കരയിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെ കടലിൽ വച്ച് തകരാറിലായ വള്ളം കണ്ടെത്തി. തുടർന്ന് വള്ളം കെട്ടിവലിച്ച് ഉച്ചയോടെ കായംകുളം ഹാർബറിൽ സുരക്ഷിതമായി എത്തിച്ചു. ഫിഷറീസ് ലൈഫ് ഗാർഡുമാർ, റെസ്ക്യൂ ബോട്ട് സ്രാങ്ക്, ഡ്രൈവർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം, മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന ബോട്ടുകളിൽ എല്ലാ തൊഴിലാളികൾക്കും ആവശ്യമായ ലൈഫ് ജാക്കറ്റുകൾ, നിശ്ചിത എണ്ണം ലൈഫ് ബോയകൾ, തീയണയ്ക്കുന്നതിനുള്ള ഫയർ എക്സ്റ്റിംഗുഷർ എന്നിവ നിർബന്ധമായും കരുതണമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു.
ജീവൻരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ കടലിൽ പോകുന്ന യാനങ്ങൾക്കെതിരെ കെഎംഎഫ്ആർ ആക്ട് പ്രകാരം പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.














