ബാംഗ്ലൂർ : കനത്ത മഴയെ തുടർന്ന് ബംഗളൂരുവിൽ ഇന്നലെ മൂന്ന് പേർ മരിച്ചു. വൈറ്റ്ഫീൽഡിൽ ഒരു കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് 35 വയസ്സുള്ള ഒരു യുവതി മരിച്ചതിന് പിന്നാലെയാണ് ബിടിഎം ലേഔട്ടിലും രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്തുള്ള ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് 12 വയസ്സുള്ള ഒരു ആൺകുട്ടിയും 63 വയസ്സുള്ള ഒരാളും വൈദ്യുതാഘാതമേറ്റ് മരിച്ചത് .
അപ്പാർട്ട്മെന്റിലെ താമസക്കാരനായ മൻമോഹൻ കാമത്ത് (63), അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ജോലി ചെയ്യുന്ന നേപ്പാളി പൗരനായ ഭരതിന്റെ മകൻ ദിനേശ് (12 )എന്നിവരാണ് മരിച്ചത്. മോട്ടോർ ഉപയോഗിച്ച് കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുക്കിക്കളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വൈദ്യുതാഘാതമേറ്റ് മരിച്ചത് .അതേസമയം ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രികളിൽ ആറ് മണിക്കൂറിലധികം നഗരത്തിൽ കനത്ത മഴ പെയ്തു . കനത്ത മഴയിൽ നഗരത്തിലുടനീളമുള്ള നിരവധി റോഡുകളും, ബേസ്‌മെന്റുകളും, താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.സിൽക്ക് ബോർഡ് ജംഗ്ഷൻ, ഹെബ്ബാൾ, യെലഹങ്ക തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.






