‘ പുഷ്പ 2’ വിന്റെ റെക്കോർഡ് വിജയത്തിന് ശേഷം ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് അല്ലു അർജുൻ. ഇപ്പോഴിതാ ആ സ്ഥാനം ഒന്ന് കൂടെ ഊട്ടിയുറപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അല്ലു . ഇതിനായി ഇത്തവണ അല്ലു എത്തുന്നത് തെരി, മെർസൽ, ജവാൻ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളെ ഞെട്ടിച്ച അറ്റ്ലിയുടെ ഒപ്പമാണ്. ‘A22xA6 ‘ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ അല്ലു ട്രിപ്പിൾ റോളിൽ എത്തുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇത് അല്ലുവിന്റെ ആദ്യത്തെ ട്രിപ്പിൾ റോളായിരിക്കും. മാത്രമല്ല ഈ മൂന്ന് വേഷങ്ങളിൽ ഒന്ന് ഒരു അനിമേഷൻ കഥാപാത്രമായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ .
ഇത് പാരലൽ യൂണിവേഴ്‌സിലുള്ള കഥാപാത്രമാകാൻ സാധ്യതയുണ്ടെന്നും അതിൽ ഒരു കഥാപാത്രം നെഗറ്റീവ് സ്വഭാവമുള്ളതായിരിക്കും എന്നും സൂചനയുണ്ട്. അതേസമയം ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് പറയപ്പെടുന്നു. 600–700 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സ്ഥിതികരിക്കാത്ത വിവരങ്ങളും പുറത്ത് വരുന്നുണ്ട് . കൂടാതെ അഭിനേതാക്കളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ ജാൻവി കപൂർ , അനന്യ പാണ്ഡെ തുടങ്ങിയവരുടെ പേരുകൾ പ്രധാന വേഷങ്ങൾക്കായി ചർച്ച ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട് . ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഈ ഊഹാപോഹങ്ങൾ സിനിമ പ്രേമികളിൽ പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.






