തിരുവനന്തപുരം: മാറാത്തവാഡക്ക് മുകളിലായി ന്യുനമർദ്ദം രൂപപ്പെട്ടു. മെയ് 27ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാനും സാധ്യതയുണ്ട്.
അതേസമയം കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 26 മുതൽ 30 വരെ അതിശക്തമായ മഴയ്ക്കും സാധ്യതുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.






