ജയ്പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി ഗ്രാമങ്ങളിൽ സ്ഥാപിച്ചിരുന്ന ഏകദേശം 50 തെരുവുവിളക്കുകൾ നീക്കം ചെയ്തെന്ന് ആരോപണം. നിവായ് എംഎൽഎ രാം സഹായ് വർമയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ ഭാര്യ പ്രിയങ്ക ശർമ 751 വോട്ടുകൾക്ക് തോറ്റതിന് പിന്നാലെയാണ് സംഭവം.
പിപ്ലു പഞ്ചായത്ത് സമിതിയിലെ രണ്ടാം വാർഡിലാണ് ബിജെപി സ്ഥാനാർഥിയായ പ്രിയങ്ക ശർമ, കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റത്. നവംബർ 23-ന് ഫലം വന്നതിന് പിന്നാലെ, സമീപകാലത്ത് സ്ഥാപിച്ച തെരുവുവിളക്കുകൾ അഴിച്ചുമാറ്റുകയായിരുന്നു.
ഫലം വന്നതിന് പിന്നാലെ വൈദ്യുതി വകുപ്പിന്റെ വാഹനം എത്തി വിളക്കുകൾ നീക്കം ചെയ്യാൻ തുടങ്ങി. എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ, വകുപ്പിന്റെ അനുമതിയില്ലാതെയാണ് വിളക്കുകൾ സ്ഥാപിച്ചതെന്നും അതിനാൽ നീക്കം ചെയ്യുകയാണെന്നുമായിരുന്നു മറുപടി. പ്രിയങ്ക ശർമ തെരഞ്ഞെടുപ്പിൽ തോറ്റതോടെ അവർ വിളക്കുകൾ അഴിപ്പിച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്നാൽ എംഎൽഎ രാം സഹായ് വർമ ആരോപണം തള്ളിക്കളഞ്ഞു. പ്രാദേശിക നേതാവുമായി ബന്ധപ്പെട്ട സംഭവമാണ്. തന്നോട് ബന്ധപ്പെട്ട ആരും തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


