വാഷിങ്ടണ്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുന്നത് ജൂലൈ 9 വരെ നീട്ടി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വ്യാപാര കരാര്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ധാരണയായി.
ജൂണ്‍ ഒന്ന് മുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കെതിരെ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നായിരുന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ഒരു പുരോഗതിയുമില്ലെന്നും മൂന്ന് ദിവസം മുന്‍പ് ട്രംപ് വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ തീരുവ ചുമത്തലുമായി മുന്നോട്ട് പോകുമെന്നും ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഈ തീയതിയാണ് നീട്ടിയിരിക്കുന്നത്.
അതിനിടെ, ജൂണ്‍ 1 മുതല്‍ തീരുവ ചുമത്തിത്തുടങ്ങുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ യു എസ് സ്റ്റോക്ക് മാര്‍ക്കറ്റ് കുത്തനെ ഇടിഞ്ഞിരുന്നു. യൂറോപ്യന്‍ ഓഹരി വിപണികളിലും വലിയ നഷ്ടമുണ്ടായി. യൂറോപ്യന്‍ ഓഹരി വിപണി രണ്ട് ശതമാനത്തിലേറെ ഒറ്റയടിക്ക് ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.



