റൊസാരിയോ: ഫുട്ബോൾ ആരാധകർ എക്കാലവും നെഞ്ചിലേറ്റിയ താരങ്ങളാണ് ലയണല്‍ മെസിയും ലൂയിസ് സുവാരസും . ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ഇരിക്കുകയാണ് ഈ രണ്ട് താരങ്ങൾ. ഇരുവരും ചേർന്ന് പുതിയ ഒരു സോക്കര്‍ ക്ലബ് തുടങ്ങുന്നു എന്ന വാർത്തയാണ് ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. അര്‍ജന്റീനന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുമായി ചേര്‍ന്ന് യുറഗ്വായില്‍ ഒരു ഫുട്ബോള്‍ ക്ലബ് തുടങ്ങുന്നുവെന്ന് സുവാരസാണ് അറിയിച്ചത്.
സുവാരസിന്റെ മുന്‍കൈയിലാണ് ഇത്തരമൊരു പദ്ധതി ഒരുങ്ങിയത് . എല്‍എസ്എം എന്നാണ് ക്ലബ്ബിന്റെ പേര്. യുറഗ്വായ് നാലാം ഡിവിഷനില്‍ ടീം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഫുട്ബോളിനെ സ്വപ്നം കാണുന്ന കുട്ടികൾക്കും കൗമാരക്കാർക്കും അവസരം നൽകുകയാണ് ലക്ഷ്യമെന്ന് സുവാരസ് ഒരു വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു . അതേസമയം പദ്ധതിയുടെ ഭാഗമാക്കിയതിൽ സന്തോഷമുണ്ടെന്നും കഴിയുന്നത്ര സഹായം നൽകുമെന്നും മെസ്സിയും പ്രതികരിച്ചിരുന്നു . ഇരുവരും ഇന്റര്‍ മിയാമിയിലും ബാഴ്സലോണയിലും ഒരുമിച്ച് കളിച്ചിട്ടുണ്ട്.






