റോജ , ബോംബൈ , അലൈപായുതേ തുടങ്ങിയ എവർഗ്രീൻ ഹിറ്റുകൾ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംവിധായകനായ മണിരത്നം ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. നിരവധിപേരാണ് ഇദ്ദേഹത്തിന് ജന്മദിനാശംസകളുമായി എത്തിയതെങ്കിലും തന്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫിന്റെ നായകനായ കമൽ ഹാസന്റെ ജന്മദിനാശംസകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് , ഹൃദയംഗമമായ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് കമൽ ഹാസൻ എത്തിയത്.
“ജന്മദിനാശംസകൾ, മണിരത്നം. നായകൻ മുതൽ തഗ് ലൈഫ് വരെ, സഹപ്രവർത്തകർ, കുടുംബം, സഹ സ്വപ്നജീവികൾ, എല്ലാറ്റിനുമുപരി, സിനിമയുടെ ആജീവനാന്ത വിദ്യാർത്ഥികൾ എന്നിങ്ങനെ ഞങ്ങൾ ഒരുമിച്ച് കാലത്തിലൂടെ സഞ്ചരിച്ചു. ഓരോ അധ്യായത്തിലൂടെയും, നിങ്ങളുടെ സാന്നിധ്യം ഒരു ശക്തിയുടെ ഉറവിടമായിരുന്നു – സംശയത്തിന്റെ നിമിഷങ്ങളിൽ ഞാൻ തിരിയുന്ന ഒരു മനസ്സിലേക്കും, മറ്റ് ചിലരെപ്പോലെ സിനിമയുടെ ഭാഷയുമായി ആഴത്തിൽ ഇണങ്ങിച്ചേർന്ന ഒരു ആത്മാവിലേക്കും.
നിങ്ങളുടെ കഥകൾ വികസിച്ചുകൊണ്ടിരിക്കട്ടെ, കാരണം ഓരോ ഫ്രെയിമിലും നിങ്ങളുടെ ദർശനം സിനിമയ്ക്ക് ആഴവും സൗന്ദര്യവും അർത്ഥവും നൽകുന്നു. എന്നാണ് കമൽ എക്സിൽ കുറിച്ചത് .
അതേസമയം കമൽ ഹാസൻ മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തഗ് ലൈഫിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. കമലിനെ കൂടാതെ സിലംബരശൻ, തൃഷ, ജോജു ജോർജ്ജ് എന്നിവർ അഭിനയിക്കുന്ന ചിത്രം ജൂൺ 5 നാണ് പ്രദർശനത്തിനായെത്തുന്നത്.




