ന്യൂഡൽഹി: വൃന്ദാവനത്തിലെ ആത്മീയാചാര്യൻ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദർശിക്കാൻ 5 കോടി രൂപ വാങ്ങിയെന്ന ആരോപണം മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നിഷേധിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോലിയുടെ വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസിന്റെ പ്രസിഡന്റ് ഫലാഹാരി മഹാരാജ് ദിനേശ് ശർമയാണ് കോലിയെ ആശ്രമത്തിലെത്തിക്കാൻ 5 കോടി രൂപ ചെലവഴിച്ചെന്ന ആരോപണം ഉന്നയിച്ചത്. പ്രേമാനന്ദ് മഹാരാജിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിനായാണ് കോലിയെ ആശ്രമത്തിലെത്തിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാൽ, ഈ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് കോലിയുടെ വക്താവ് വ്യക്തമാക്കി. വ്യക്തിപരമായ വിശ്വാസവും പ്രേമാനന്ദ് മഹാരാജിനോടുള്ള ആദരവുമാണ് കോലിയുടെ ആശ്രമ സന്ദർശനത്തിന് കാരണമെന്നും വക്താവ് പറഞ്ഞു. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2023 ജനുവരി 4നാണ് വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും ആദ്യമായി രാധാ കേളി കുഞ്ച് ആശ്രമത്തിലെത്തി പ്രേമാനന്ദ് മഹാരാജിനെ കണ്ടത്. പിന്നീട് ഇരുവരും നിരവധി തവണ ആശ്രമം സന്ദർശിച്ചിട്ടുണ്ട്. കോലി അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും സന്ദർശനങ്ങൾ തുടർന്നിരുന്നു.
അതേസമയം, പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിലെ അന്തേവാസിയായിരുന്ന രസിക് ദുലാരി സെപ്റ്റംബർ 25ന് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മരണത്തിന് പിന്നിൽ വിഷാദമോ മാനസിക സമ്മർദ്ദമോ ഉണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിജിറ്റൽ തെളിവുകളും ഫോൺ കോൾ വിവരങ്ങളും പരിശോധിച്ചുവരുന്ന പൊലീസ് ഇതുവരെ 85ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.


