കൊച്ചി: മോഷണശ്രമത്തിനിടെ വീട്ടിലെത്തിയ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി സ്വദേശി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28) ആണ് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.
കഴിഞ്ഞ ജൂലൈയിൽ പെരുമ്പാവൂർ കാരാട്ട് പള്ളിക്കരയിലെ ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് പ്രതി വീട്ടിലെത്തിയ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് കേസ്. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജിയാണ് എബിൻ ടോമിക്കെതിരെ കാപ്പ ചുമത്തി ജയിലിലടയ്ക്കാൻ ഉത്തരവിട്ടത്.
കോതമംഗലം, പെരുമ്പാവൂർ, വാഴക്കുളം, കോടനാട്, ആലപ്പുഴ നോർത്ത്, തിരുവനന്തപുരം പൂവാർ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ നിരവധി കേസുകൾ എബിൻ ടോമിക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു.
കോതമംഗലം സിഐ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടി സ്വീകരിച്ചത്.



