പുതുപ്പാടി: ഒൻപതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികൾ സംഘംചേർന്ന് മർദിച്ചതായി പരാതി. പുതുപ്പാടി ഗവ. ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയെയാണ് ക്രൂരമായി മർദിച്ചത്. കണ്ണിനും തലയ്ക്കും സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിച്ച് ക്ലാസിലിരിക്കുകയായിരുന്ന വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥി പുറത്തേക്ക് വിളിച്ചുകൊണ്ടുപോയശേഷം സംഘംചേർന്ന് മർദിക്കുകയായിരുന്നു.
പതിനഞ്ചോളം പേർ ചേർന്നാണ് തന്നെ മർദിച്ചതെന്നും നാലുപേരെ കണ്ടാലറിയാമെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു. നാലുമാസം മുൻപ്, പരിക്കേറ്റ വിദ്യാർഥിയും മർദിച്ച സംഘത്തിലെ വിദ്യാർഥിയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നതായി പരിക്കേറ്റ വിദ്യാർഥിയുടെ സഹോദരൻ പറഞ്ഞു. പിന്നാലെ വിദ്യാർഥിക്ക് ഭീഷണിയുണ്ടായിരുന്നതായും പറയുന്നു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് താമരശ്ശേരി പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Content: Ninth grader brutally beaten by tenth grade students




