പഞ്ചാബ് : പാകിസ്ഥാൻ വേണ്ടി ചാരവൃത്തി നടത്തിയ ഒരാൾ കൂടി പോലീസ് പിടിയിൽ. യൂട്യൂബറായ ജസ്ബീർ സിംഗാണ് പോലീസ് പിടിയിലായത്. 1.1 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള ‘ജാൻ മഹൽ’ എന്ന ചാനൽ നടത്തുന്ന യൂട്യൂബറാണ് ഇയാൾ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രൂപ്‌നഗർ ജില്ലയിലെ മഹ്‌ലാൻ ഗ്രാമത്തിൽ താമസിക്കുന്ന ജസ്ബീർ സിംഗിനെ സ്റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് സെൽ കസ്റ്റഡിയിലെടുത്തത്.
ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് വ്ലോഗറായ ജ്യോതി മൽഹോത്രയെ അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് പിടിയിലാകുന്ന രണ്ടാമത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആണ് ജസ്ബീർ. പഞ്ചാബ് പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച് ജസ്ബീർ സിംഗ് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ഷാക്കിർ എന്ന ജട്ട് രൺധാവയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഐഎസ്ഐയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതായി സംശയിക്കുന്ന ഇന്ത്യൻ വംശജനാണ് ഷക്കീർ.
ചാരവൃത്തി ആരോപിച്ച് പുറത്താക്കപ്പെട്ട പാകിസ്ഥാൻ പൗരനും ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ മുൻ ഉദ്യോഗസ്ഥനുമായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായും സിംഗ് ബന്ധം പുലർത്തിയിരുന്നു. കൂടാതെ ജസ്ബിർ മൂന്ന് തവണ പാകിസ്ഥാനിലേക്ക്യാത്ര ചെയ്യ്തതായും പോലീസ് പറയുന്നു. ഇയാളുടെ ഫോണിൽ നിന്ന് പാകിസ്ഥാനുമായി ബന്ധമുള്ള നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്. ഇതേ കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ് . അതേസമയം ഓപ്പറേഷൻ സിന്ദൂറിന് ശേഷം പഞ്ചാബിൽ നിന്ന് മാത്രം ചാരപ്രവർത്തയുടെ പേരിൽ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.






