ബോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ’ത്തിൽ സീതയായി വേഷമിടുന്നതിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരം സായ് പല്ലവി. ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് നടി പറയുന്നു. ന്യൂഡൽഹിയിൽ വച്ച് നടന്ന‘പ്രഥം സങ്കൽപ്’ വേദിയിലാണ് താരം മനസ്സ് തുറന്നത്.
‘ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ തങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ അണിയറപ്രവർത്തകരുണ്ട്. സീതാ മാ ആയി അഭിനയിക്കാൻ ഞാൻ സ്വയം തിരഞ്ഞെടുത്തതാണെന്ന് കരുതുന്നില്ല. ഈ വേഷം ചെയ്യാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ഇത്. എങ്ങനെ അഭിനയിക്കണം എന്ന് മുൻകൂട്ടി എഴുതി തയാറാക്കാനും കഴിയില്ല. ഞാൻ ധ്യാനത്തിലിരുന്ന് പ്രാർഥിക്കുമായിരുന്നു, ‘‘സീതാ മാതാവേ, എന്നിലൂടെ അങ്ങ് തന്നെ അഭിനയിക്കൂ’’ എന്ന്. എന്നിലൂടെ പുറത്തുവരുന്നതെന്തോ, അത് മാത്രമാണ് ഈ സിനിമയ്ക്ക് അനുയോജ്യമായത്’, സായ് പല്ലവി പറഞ്ഞു.











