ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്നും സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം സമർപ്പിച്ചു. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ രണ്ട് പ്രതികൾ മാത്രമാണുള്ളത്.
തെളിവുകളുടെ അഭാവത്തിൽ ഏഴു പേരെ ഒഴിവാക്കിയതായി എക്സൈസ് ഇടക്കാല റിപ്പോർട്ട് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. കനിവിനെ ഒൻപതാം പ്രതിയായി ആദ്യം എഫ് ഐ ആർ ഇട്ട കേസിലാണ് കനിവ് ഉൾപ്പടെ ഏഴു പേരെ ഒഴിവാക്കി കുറ്റപത്രം.
ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസ്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്.






