ബാംഗ്ലൂർ : ഐപിഎല്‍ മത്സരത്തിലെ വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരവും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിക്കെതിരെ പരാതി .
കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ എച്ച്.എം. വെങ്കിടേഷാണ് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
18 വർഷത്തിനുശേഷം ആർസിബി ഐപിഎൽ ട്രോഫി നേടിയതിന് ശേഷം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രത്യേക അനുമോദന ചടങ്ങിനിടെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 13 മുതൽ 35 വയസ്സുവരെയുള്ള യുവാക്കളും സ്ത്രീകളും ഉണ്ട്. അതേസമയം സംഭവത്തെ തുടർന്ന് ആർസിബി മാർക്കറ്റിംഗ് മേധാവി ഉൾപ്പടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അപകടത്തിൽ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ ഇതുവരെ മൂന്ന് എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.






