കൊച്ചി: ഇന്ത്യയിൽ ഏറ്റവുമധികം ചായകുടിക്കാർ ഉള്ളത് എവിടെയാണെന്ന് അറിയാമോ? അത് ബെംഗളുരുവാണ്. തൊട്ടു പിന്നിൽ മുംബൈയും ഹൈദരാബാദുമുണ്ട്. എന്നാൽ പട്ടികയിൽ ഞെട്ടിച്ചിരിക്കുന്നത് ഇവയൊന്നുമല്ല, കേരളത്തിലെ രണ്ട് നഗരങ്ങളാണ്. കൊച്ചിയും തിരുവനന്തപുരവും. ഇൻസ്റ്റാമാർട്ട് പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 130 നഗരങ്ങളുടെ കണക്കെടുത്തപ്പോഴാണ് വളർച്ചനിരക്കിൽ കൊച്ചിയും തിരുവനന്തപുരവും മുന്നിലെത്തിയത്. വൻ വെല്ലുവിളി ഉയർത്തി ഭുവനേശ്വർ തൊട്ടടുത്തുണ്ട്.
രുചിവൈവിധ്യങ്ങളുള്ള കഫേകളുടെ എണ്ണം, സ്റ്റാർട്ട് അപ്പ് ടീ ഷോപ്പുകൾ എന്നിവയാണ് ബെംഗളൂരുവിനെ പ്രധാനമായും മുന്നിലെത്തിച്ചത്. ഇന്ത്യയുടെ അതിവേഗം വളരുന്ന ‘ചായ നഗരം’ ഭുവനേശ്വറാണ്. ഏറ്റവും വേഗം വളരുന്ന വിപണികൾ കൊച്ചിയും തിരുവനന്തപുരവും. ജിഞ്ചർ ടീ, കട്ടൻ ചായ, ഏലയ്ക്കാ ചായ, ഗ്രീൻ ടീ, മസാല ചായ എന്നിവയെല്ലാമാണ് പുതുതലമുറയിലെ താരങ്ങൾ.




