കൊച്ചി: പോള്‍ ജോർജിന്റെ സംവിധാനത്തിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമായ ‘കാട്ടാളനി’ൽ പാൻ ഇന്ത്യൻ താരങ്ങളായ സുനിലും കബീർ ദുഹാൻ സിങും അഭിനയിക്കുന്നു. ‘പെപ്പെ’ യാണ് ചിത്രത്തിൽ നായകനായർത്തുന്നത്. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. പുഷ്പ, ജയിലർ, അല വൈകുണ്ഡപുരമുലൂ, മാവീരൻ, മാർക്ക് ആന്‍റണി, മഗധീര തുടങ്ങി ഒട്ടേറെ തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനാണ് സുനിൽ ആദ്യമായാണ് കാട്ടാളനിലൂടെ മലയാള സിനിമയിലേക്കെത്തുന്നത്.
അതേസമയം കബീർ ദുഹാൻ സിംഗ് മലയാള സിനിമയിൽ മുൻപും അഭിനയിച്ചിട്ടുണ്ട്. മാർക്കോ ആണ് താരത്തിന്റേതായി ഒടുവിൽ ഇറങ്ങിയ മലയാള സിനിമ. ചിത്രത്തിൽ ആക്ഷനൊരുക്കുന്നത് ലോക പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രഫർ കെച്ച കെംബഡികെ ആണെന്നാണ് സൂചന. അതേസമയം ചിത്രത്തിൽ കിടിലൻ മേക്കോവറിൽ ഇരുവരും എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.






