തൃശൂർ: കനത്ത മഴയെത്തുടർന്ന് തൃശൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മരം വീണു. പുതുശേരി– പഴുന്നാന റോഡിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് മുകളിലേക്കാണ് റോഡരികിലെ മരം കടപുഴകി വീണത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ 10ന് പുതുശേരി ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. തൃശൂർ–കുറ്റിപ്പുറം പാതയുടെ നിർമാണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്ത ഇകെകെ കമ്പനിയുടെ ടോറസ് ലോറിയിലേക്കാണ് മരം വീണത്.
ചേലക്കരയിലേക്ക് മെറ്റൽ എടുക്കാൻ പോകുമ്പോഴായിരുന്നു സംഭവം. അപകടത്തെ തുടർന്ന് മേഖലയിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കുന്നംകുളത്തു നിന്ന് അഗ്നിശമന സേനയെത്തി മരത്തിന്റെ ചില്ലകൾ വെട്ടി മാറ്റിയാണ് ലോറി പുറത്തെടുത്തത്. അപകടത്തെ തുടർന്ന് പുതുശേരി–പഴുന്നാന റോഡിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.










