നിങ്ങളുടെ മൊബൈൽ കണക്ഷൻ സിം പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡിൽ നിന്നും പ്രീപെയ്‌ഡിലേക്കോ മാറ്റണോ? എങ്കിൽ,ഒരു എളുപ്പ വഴിയുണ്ട്. രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ വരിക്കാരുടെ സിം കാർഡുകളുമായി ബന്ധപ്പെട്ട ഒരു പ്രധാന നിയമം ഇപ്പോൾ മാറിയിരിക്കുകയാണ്. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് മൊബൈൽ കണക്ഷനുകൾക്കിടയിൽ മാറുന്ന പ്രക്രിയ ഒടിപി അടിസ്ഥാനമാക്കി ടെലികോം വകുപ്പ് (DOT) ലളിതമാക്കി.
ഇപ്പോൾ ഉപയോക്താക്കൾക്ക് 30 ദിവസത്തിന് ശേഷം പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡില്‍ നിന്നും പ്രീപെയ്‌ഡിലേക്കോ മാറാൻ കഴിയും. മുമ്പ് ഒരാൾക്ക് അങ്ങനെ ചെയ്യാൻ 90 ദിവസം കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ 2025 ജൂൺ 10-ന് പുറപ്പെടുവിച്ച പുതിയ നിർദ്ദേശം അനുസരിച്ച്, പുനഃക്രമീകരണത്തിനുള്ള നിർബന്ധിത കൂളിംഗ്-ഓഫ് കാലയളവ് ടെലികോം വകുപ്പ് കുറച്ചു. നേരത്തെ, പ്രീപെയ്‌ഡില്‍ നിന്ന് പോസ്റ്റ്പെയ്‌ഡിലേക്കോ തിരിച്ചോ മാറിയ ശേഷം, തിരികെ മാറാൻ ഉപഭോക്താക്കൾക്ക് 90 ദിവസം കാത്തിരിക്കേണ്ടിയിരുന്നു. ഇപ്പോൾ, 90 ദിവസത്തെ ഈ ലോക്ക്-ഇൻ കാലയളവ് വെറും 30 ദിവസമായി കുറച്ചിരിക്കുന്നു. സർക്കാരിന്റെ ഈ നീക്കം പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് പ്ലാനുകൾക്കിടയിൽ മാറുന്ന ദശലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസമാകും.






