കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത 1.1 ലക്ഷം ഡോക്ടർമാരുടെ വിദ്യാഭ്യാസ യോഗ്യതകൾ വീണ്ടും പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. 1996 മുതൽ വെസ്റ്റ് ബംഗാൾ മെഡിക്കൽ കൗൺസിലിൽ (WBMC) രജിസ്റ്റർ ചെയ്ത ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളാണ് പരിശോധിക്കുന്നത്. വ്യാജ മെഡിക്കൽ ബിരുദങ്ങൾ ഉപയോഗിച്ച് ചിലർ ഡോക്ടർമാരായി പ്രവർത്തിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
ഇതിനായി പ്രത്യേക പരിശോധനാ സംവിധാനം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി ശരദ്വത് മുഖർജി അറിയിച്ചു. ബാങ്കുകളുടെ KYC പരിശോധനയ്ക്ക് സമാനമായി ‘നോ യുവർ ഡോക്ടർ’ (KYD) എന്ന പേരിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഡോക്ടർമാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പരിശോധിക്കും. നേരിട്ടും വീഡിയോ കോൺഫറൻസിങ് വഴിയും പരിശോധന നടത്തും.
പ്രായമായ ഡോക്ടർമാർക്കും ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്കും വീഡിയോ വഴി പരിശോധനയിൽ പങ്കെടുക്കാം. പരിശോധനാ നടപടികൾ ഒരു സ്വതന്ത്ര ഏജൻസിയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുക. ഡോക്ടർമാർക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത രീതിയിലായിരിക്കും നടപടികളെന്നും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തിറക്കും.
അതേസമയം, സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് രാഷ്ട്രീയ തർക്കവും ശക്തമായി. ആരോഗ്യവകുപ്പിലെ ഭരണപരമായ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ബിജെപി അധ്യക്ഷൻ സാമിക് ഭട്ടാചാര്യ സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും ചെയ്തു.
എന്നാൽ, പരിശോധനാ നടപടിയെ തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് വിമർശിച്ചു. ഡോക്ടർമാരെ എസ്‌ഐആർ പരിശോധനയ്ക്ക് വിധേയരാക്കുന്നതിന് സമാനമാണ് ഈ നടപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


