തിരുവനന്തപുരം: എയ്ഡഡ്, സ്വാശ്രയ, സ്വയംഭരണ കോളേജുകളിൽ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാർ അനുമതി ഒഴിവാക്കിയ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത്. സ്വയംഭരണ പദവിയുടെ പേരിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യ മാനേജ്മെന്റുകളുടെ ലാഭത്തിനായി വിട്ടുകൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പുതിയ സർക്കുലർ ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
മാനേജ്മെന്റുകളുടെ സമ്മർദത്തിന് വഴങ്ങിയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാനും സീറ്റുകൾ വർധിപ്പിക്കാനും സർക്കാർ തലത്തിലുള്ള പരിശോധനയും നിയന്ത്രണവും ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യകതാ പഠനം നടത്താതെയും നിലവിലുള്ള നിയന്ത്രണ സംവിധാനങ്ങളെ മറികടന്നും സീറ്റുകൾ വർധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം ആരോപിച്ചു. എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്‌സുകൾ വ്യാപകമായി അനുവദിക്കില്ലെന്ന് കോടതിയിൽ നൽകിയ ഉറപ്പുകൾ സർക്കാർ ലംഘിച്ചെന്നും വിമർശിച്ചു.
മാനേജ്മെന്റ് പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇളവുകൾ പ്രഖ്യാപിച്ചതിലും പ്രതിപക്ഷ നേതാവ് സംശയം പ്രകടിപ്പിച്ചു. വർഷംതോറുമുള്ള പരിശോധന ഒഴിവാക്കിയതും പ്രവേശന നടപടികൾ പൂർത്തിയായ ശേഷം മാത്രം സർക്കാരിനെ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥയും മെറിറ്റിനെയും സംവരണത്തെയും ബാധിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തരവിന് പിന്നിലെ സാഹചര്യങ്ങൾ പരിശോധിക്കാൻ നിയമപരമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.


