കൊച്ചി: എറണാകുളത്ത് പൊലീസ്, എക്സൈസ് സംഘങ്ങളുടെ പരിശോധനയിൽ വൻ ലഹരിവേട്ട. ആലുവയിലെ ലോഡ്ജിൽ നിന്ന് 185 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി നഗരത്തിൽ 27 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി മറ്റൊരാളെ എക്സൈസ് സംഘവും പിടികൂടി.
പള്ളുരുത്തി തെരേഭാഗം കുട്ടത്തിപ്പറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (32), തോപ്പുംപടി പ്രതീക്ഷ നഗർ സ്വദേശി ഷിനു സെബാസ്റ്റ്യൻ (34) എന്നിവരാണ് ആലുവയിൽ പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലോഡ്ജിൽ പരിശോധന നടത്തിയത്. ഏകദേശം 7.5 ലക്ഷം രൂപ വിലവരുന്ന 185 ഗ്രാം എംഡിഎംഎയാണ് ഹരികൃഷ്ണനിൽ നിന്ന് പിടിച്ചെടുത്തത്.
തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ഷിനുവിന്റെ വീട്ടിലെ പക്ഷിക്കൂടിനുള്ളിൽ ഒളിപ്പിച്ച ഏഴ് ഗ്രാം എംഡിഎംഎയും കണ്ടെത്തി.
തമിഴ്നാട്ടിൽ നിന്നാണ് ലഹരിമരുന്ന് കൊച്ചിയിലെത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ടൂറിസ്റ്റ് ബസിൽ യാത്രക്കാരായി എത്തിയ പ്രതികൾ വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയതെന്നാണ് വിവരം. എറണാകുളം, ആലുവ മേഖലകളിലെ ലഹരിക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വിതരണം ചെയ്യാനാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താൻ ബെംഗളൂരു, തമിഴ്നാട് മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


